നവംബർ 20 ന് 2022 ഫിഫ ലോകകപ്പ് ആരംഭിക്കുകയായി. ഡിസംബർ 18 വരെ നീണ്ടു നിൽക്കുന്ന ഈ വർഷത്തെ ലോകകപ്പ് ഖത്തറിലാണ് ഒരുങ്ങുന്നത് . അൽഖോറിലെ അൽ ബെത്ത് സ്റ്റേഡിയത്തിലാണ് ടൂർണമെന്റിന്റെ ആദ്യ മത്സരം നടക്കുന്നത്. ഖത്തറും ഇക്വഡോറുമാണ് പരസ്പരം കൊമ്പുകോർക്കുന്നത്. ഖത്തറിന്റെ ദേശീയ ദിനം കൂടായ ഡിസംബർ 18 ന് ആണ് ലോകകപ്പ് ഫൈനൽ നടക്കുന്നത്. ലോകകപ്പിനോടനുബന്ധിച്ച് ഫുട്ബോൾ ആരാധകരിൽ ആവേശം നിറയ്ക്കാനായി ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പർ സ്റ്റാർ നടൻ മോഹൻലാൽ ഒരു മ്യൂസിക്കൽ ട്രിബ്യൂട്ട് വീഡിയോയുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. ഇപ്പോൾ ഫുട്ബോൾ ആരാധകർ ഈ ഫിഫ വേൾഡ് കപ്പ് ഗാനം ഏറ്റെടുത്തിരിക്കുകയാണ്. കേരള ട്രിബ്യൂട്ട് ടു ഖത്തർ വേൾഡ് കപ്പ് എന്ന പേരിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. മോഹൻലാലിന്റെ സംവിധാനത്തിലെ ആദ്യ ചുവടുവയ്പ്പായ ബറോസ് എന്ന ചിത്രം അണിയിച്ചൊരുക്കുന്ന പ്രൊഡക്ഷൻ ഹൗസ് ആശിർവാദ് സിനിമാസാണ് കഴിഞ്ഞ ദിവസം ഈ മ്യൂസിക്കൽ ട്രിബ്യൂട്ട് ഗാനത്തെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.
ആശിർവാദ് സിനിമാസിന്റെ യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പ്രേക്ഷകരിലേക്ക് എത്തിയത്. ഒരു ദിവസം കൊണ്ട് ഒൻപത് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഈ മ്യൂസിക്കൽ ട്രിബ്യൂട്ട് വീഡിയോ സ്വന്തമാക്കിയത്. ഇപ്പോൾ ഖത്തർ വേൾഡ് കപ്പ് ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ . കേരളക്കരയിലെ ഫുട്ബോൾ ആരാധകർക്കായി പ്രത്യേകം ഒരുക്കിയതാണ് ഈ വീഡിയോ ഗാനം. മലപ്പുറം ജില്ല കേരളത്തിലെ ഫുട്ബോളിന്റെ കേന്ദ്രമാണ് , ഇവിടുത്തെ സെവൻസ് മൈതാനങ്ങളിൽ നിന്ന് ലോക ഫുട്ബോളിലേക്ക് എത്തുന്ന രീതിയിലാണ് ഈ ഗാനം ആവിഷ്ക്കരിചിരിക്കുന്നത്. കൃഷ്ണദാസ് പങ്കി രചന നിർവഹിച്ച ഈ ഗാനം നാലുമിനുട്ടിലധികം ദൈർഘ്യമുള്ളതാണ്. നടൻ മോഹൻലാൽ തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നതും ഇതിൽ അഭിനയിച്ചിരിക്കുന്നതും. ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഹെഷാം അബ്ദുൾ വഹാബാണ് . ഈ വീഡിയോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ടി കെ രാജീവ് കുമാറാണ് . ഈ വീഡിയോയ്ക്ക് ഇതിനോടകം നിരവധി കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. ദോഹയിൽ നടന്ന ചടങ്ങിലായിരുന്നു നടൻ മോഹൻലാൽ ഈ ഗാനം പ്രകാശനം ചെയ്തത്.