വീണ്ടും ആരാധകരെ ഞെട്ടിച്ചുകൊണ്ട് കളരി അഭ്യാസവുമായി നടി സ്വാസിക വിജയ്..

ഈയടുത്ത് നടി സ്വാസിക വിജയ് താൻ കളരി അഭ്യസിക്കുന്നതിന്റെ ചില ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി പങ്കുവെച്ചിരുന്നു. ചിലർ താരത്തെ പ്രശംസിച്ച കമൻറുകൾ നൽകിയപ്പോൾ ചിലർ പരിഹസിച്ചും കമന്റുകൾ ഇട്ടിരുന്നു. അവർക്ക് കിടിലൻ മറുപടിയും താരം കൊടുത്തിരുന്നു. ഏറെക്കാലമായി കളരി അഭ്യസിക്കണം എന്ന് വിചാരിക്കുന്നു , കളരി അത്രയേറെ ഇഷ്ടമാണ് എന്നെല്ലാം കുറിച്ചു കൊണ്ടായിരുന്നു താരം തൻറെ ആദ്യ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചത്. പ്രേക്ഷകർ ഏറ്റെടുത്ത ഈ വീഡിയോയ്ക്ക് പിന്നാലെയായി താരം മറ്റൊരു വീഡിയോ കൂടി പങ്കുവെച്ചിരിക്കുകയാണ്.

“രാവിലെ കളരി അഭ്യാസം, നിഷ്ഠക്കൊപ്പം സ്വാഭാവികമായും ഫിറ്റ്നസ് നേടുക, കളരി, യോഗ എന്നിവയുടെ ക്രിയകൾ ഉപയോഗിച്ച് നിങ്ങളുടെ ശരീരത്തെ പരിശീലിപ്പിക്കുക. അത് അംഗത്വങ്ങളോ അനുബന്ധ ഉപകരണങ്ങളോ ഇല്ലാതെ എവിടെയും എപ്പോൾ വേണമെങ്കിലും അവ പരിശീലിക്കാൻ നിങ്ങളെ പ്രാപ്തരാക്കും ” ഇങ്ങനെ കുറിച്ചു കൊണ്ടാണ് സ്വാസിക തൻറെ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ഷിനു ആൻറണി ആണ് താരത്തെ നിഷ്ട പഠിപ്പിക്കുന്നതും കളരി ട്രെയിൻ ചെയ്യിപ്പിക്കുന്നതും.

ആദ്യ വീഡിയോ പുറത്തിറങ്ങിയ സമയത്ത് പ്രേക്ഷകർ ചോദിച്ചതുപോലെ ഇഷ്ടം കൊണ്ടാണോ അതോ പുതിയ ചിത്രത്തിനുള്ള തയ്യാറെടുപ്പാണോ ഇതെന്ന് വ്യക്തമല്ല. ഏതായാലും നിലവിൽ അഭിനയരംഗത്ത് തിളങ്ങി നിൽക്കുകയാണ് സ്വാസിക. വാസന്തി , ചതുരം എന്ന ചിത്രങ്ങൾ താരത്തിന്റെ കരിയറിലെ ശ്രദ്ധേയ സിനിമകളാണ്. ഉടയോൾ,ജെന്നിഫർ, പ്രൈസ് ഓഫ് പോലീസ് എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ . ഈ മൂന്ന് ചിത്രങ്ങളും നിലവിൽ പ്രീ പ്രൊഡക്ഷൻ സ്റ്റേജിലാണ്.

അഭിനയരംഗത്ത് ഏറെ വർഷമായി സജീവമായി തുടരുന്ന സ്വാസിക ഒരു തമിഴ് ചിത്രത്തിലൂടെയാണ് തൻറെ കരിയർ ആരംഭിച്ചത്. മലയാളത്തിലാണ് കൂടുതൽ അവസരങ്ങളും താരത്തിന് ലഭിച്ചിരുന്നത്. ചെറു റോളുകളിലും സഹനടി വേഷങ്ങളിലും പ്രത്യക്ഷപ്പെട്ട താരത്തിന് പ്രേക്ഷകശ്രദ്ധ നേടി കൊടുത്ത ചിത്രമായിരുന്നു കട്ടപ്പനയിലെ ഹൃതിക് റോഷൻ . പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായ താരം നായികയായി അരങ്ങേറ്റം കുറിച്ച മലയാള ചിത്രമായിരുന്നു ചതുരം . ഇതിലെ പ്രകടനത്തിന് ഏറെ പ്രശംസയും സ്വാസിക സ്വന്തമാക്കിയിരുന്നു.