തെന്നിന്ത്യൻ സിനിമ രംഗത്തെ മുൻനിര നായികമാരിൽ ഒരാളായ സാമന്ത പ്രധാന വേഷത്തിലെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ശാകുന്തളം. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ശാകുന്തളത്തിന്റെ ട്രൈലെർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ചിത്രം ഒരുക്കിയിരിക്കുന്നത് ഭാരതത്തിന്റെ ഇതിഹാസമായ മഹാഭാരതത്തിലെ, ‘അഭിജ്ഞാന ശാകുന്തളം’ എന്ന ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ ഈ കൃതിയെ ആസ്പദമാക്കിയാണ്. ഈ ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത് 2023 ഫെബ്രുവരി 17 ന് ആണ് എന്ന വിവരം ചിത്രത്തിൻറെ അണിയറ പ്രവർത്തകർ നേരത്തെ തന്നെ പ്രേക്ഷകരെ അറിയിച്ചിരുന്നു.
പ്രേക്ഷകർക്ക് പുത്തൻ അനുഭവം സമ്മാനിച്ചുകൊണ്ട് 3D-യിലും ഈ ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ ദുഷ്യന്തന്റെ വേഷം ചെയ്യുന്നത് സൂഫിയും സുജാതയും എന്ന മലയാള ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടൻ ദേവ് മോഹൻ ആണ്. ശകുന്തളയായി വേഷമിടുന്നത് തെന്നിന്ത്യൻ താരസുന്ദരി സാമന്ത ആണ് . ശാകുന്തളം എന്ന ഈ പുത്തൻ ചിത്രം ഏറ്റവും വലിയ ബജറ്റിൽ ഒരുക്കുന്ന ഒരു ചിത്രമാണ്. എടുത്തു പറയേണ്ട വസ്തുത എന്തെന്നാൽ സ്ത്രീപക്ഷ സിനിമകളിൽ വച്ച് ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ശാകുന്തളം.
ഗുണശേഖർ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിച്ചിട്ടുള്ളത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ കൂടി ശാകുന്തളം പ്രദർശനത്തിന് എത്തും. അനസൂയ ആയി നടി അദിതി ബാലനും ദുർവാസാവ് മഹർഷിയായി നടൻ മോഹൻ ബാബുവും വേഷമിടുന്നുണ്ട്. ഇവരെ കൂടാതെ ഈ ചിത്രത്തിൽ സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരും ചില പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. മണി ശർമ ആണ് ഈ ചിത്രത്തിൻറെ സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുള്ളത്. ചിത്രത്തിനുവേണ്ടി ദൃശ്യങ്ങൾ ഒരുക്കിയിട്ടുള്ളത് ശേഖർ വി ജോസഫ് ആണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് പ്രവീൺ പുഡി ആണ്. തെലുങ്കിലെ ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ മകൾ അല്ലു അർഹ ശാകുന്തളത്തിൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ഗുണാ ടീംവർക്സിന്റെ ബാനറിൽ ഒരുങ്ങുന്ന ശാകുന്തളത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് നീലിമ ഗുണ ആണ്. ദിൽ രാജുവാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.