റംസാൻ മുഹമ്മദിനൊപ്പം മനോഹര ഗാനത്തിന് ചുവടുവച്ച് സാനിയ ഇയ്യപ്പൻ…

ഈ വർഷം പുറത്തിറങ്ങി , പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രമാണ് തിരുച്ചിത്രമ്പലം. ധനുഷ്, നിത്യ മേനോൻ എന്നിവരായിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തോടൊപ്പം ഈ ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റുകൾ തന്നെയായിരുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നത്. ചിത്രത്തിലെ ഗാനങ്ങളിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയിരുന്ന ഗാനമായിരുന്നു മേഘം കറുകത എന്ന വരികളോടെ തുടങ്ങുന്ന ഗാനം . ഈ പാട്ട് മാത്രമല്ല അതിലെ ധനുഷ്- നിത്യ മേനോൻ താരജോടികൾ കാഴ്ച വച്ച നൃത്തവും ട്രെൻഡിംഗ് ആയിരുന്നു. ഒട്ടേറെ ഡാൻസ് വീഡിയോകൾ ആണ് അതിലെ അവരുടെ അതേ നൃത്ത ചുവടുകൾ അനുകരിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ വന്നത്. ഇപ്പോഴിതാ ആ ട്രെൻഡ് പിന്തുടർന്ന് അൽപം വൈകിയാണെങ്കിലും ഒരു ഡാൻസ് വീഡിയോ കൂടി വന്നിരിക്കുകയാണ്. മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളും മികച്ച ഡാൻസേഴ്സുമായ സാനിയ ഇയ്യപ്പനും റംസാൻ മുഹമ്മദും ചേർന്നാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്. അത്യുഗ്രൻ നർത്തകരായ ഇവരുടെ ഈ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

ബാലതാരമായി സിനിമയിൽ വന്ന താരങ്ങളാണ് ഇവർ രണ്ടു പേരും . സാനിയ ബാലതാരമായാണ് അരങ്ങേറ്റം കുറിച്ചത് എങ്കിലും പിന്നീട് ഒട്ടും വൈകാതെ നായികയായും സിനിമയിൽ തള്ളി. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീൻ എന്ന ചിത്രത്തിലൂടെയാണ് സാനിയ നായികയായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയതും കയ്യടി നേടിയതും. അതിനു ശേഷം താരം പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടി, ദി പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണി തുടങ്ങി, സല്യൂട്ട് തുടങ്ങി ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു.

ഇനി സാനിയയുടേതായി റിലീസ് ചെയ്യാൻ പോകുന്ന പുത്തൻ ചിത്രം റോഷൻ ആൻഡ്രൂസ്- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ സാറ്റർഡേ നൈറ്റ് ആണ്. ഡാൻസ് റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ റംസാന് ലഭിച്ച ശ്രദ്ധേയ ചിത്രമാണ് മമ്മൂട്ടി- അമൽ നീരദ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഭീഷ്മ പർവ്വം എന്ന ചിത്രം. ഈ ചിത്രത്തിൽ ചെറിയ ഒരു വേഷമാണ് റംസാൻ കാഴ്ച വച്ചത് എങ്കിലും താരം അഭിനയിച്ച ചിത്രത്തിലെ ഗാനവും നൃത്ത രംഗവും ഏറെ വൈറലായി മാറിയിരുന്നു. സോഷ്യൽ മീഡിയയിൽ നിരന്തരം ഡാൻസ് റീൽസുമായി എത്തുന്ന റംസാൻ പല താരങ്ങൾക്കൊപ്പവും ചുവടു വച്ചിട്ടുണ്ട്. ഇതിന് മുൻപ് നടി പ്രിയ പ്രകാശ് വാര്യരോടൊപ്പം ഡാൻസ് ചെയ്യുന്ന റംസാന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.