വിവാദങ്ങൾക്ക് എല്ലാം മറുപടി പറഞ്ഞ് നടി സംയുക്ത മേനോൻ..!

സിനിമ മേഖലയിലെ വിശേഷങ്ങൾ പോലെ തന്നെ വിവാദങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടാറുണ്ട് . ഈയടുത്തായി അത്തരത്തിൽ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു നടി സംയുക്ത മേനോൻ ഇനി മലയാളത്തിലേക്ക് ഇല്ല ,ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ മാത്രമാണ് കമ്മിറ്റ് ചെയ്യുന്നത് എന്നിങ്ങനെ താരം പറഞ്ഞു എന്ന് ഒരു ചിത്രത്തിൻറെ നിർമാതാവ് വെളിപ്പെടുത്തിയിരുന്നു. ഈ വാർത്ത വലിയ രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും താരത്തിന് നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്തു.

മലയാളത്തിൽ താരത്തിന്റെതായി പുറത്തിറങ്ങിയ ബൂമറാങ് എന്ന ചിത്രത്തിൻറെ പ്രസ്സ് മീറ്റിന് ഇടെയായിരുന്നു ഇക്കാര്യം ചർച്ച വിഷയം ആയി മാറിയത്. പ്രമോഷൻ ചടങ്ങുകൾക്കും പ്രസ് മീറ്റിനും സംയുക്ത എത്താത്തതിനെ കുറിച്ച് നടൻ ഷൈൻ ടോം ചാക്കോ സംസാരിച്ചപ്പോഴാണ് ചിത്രത്തിൻറെ നിർമ്മാതാവ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. പ്രസ് മീറ്റിനായി താരത്തെ വിളിച്ചപ്പോൾ സംയുക്ത പറഞ്ഞത് ഇങ്ങനെയാണ് എന്ന് നിർമ്മാതാവ് പ്രസ് മീറ്റിനിടയിൽ പറഞ്ഞു. പിന്നീട് സോഷ്യൽ മീഡിയയിൽ സംയുക്തയ്ക്ക് എതിരെയുള്ള വിമർശനങ്ങൾ നിറഞ്ഞു . എന്നാൽ ഇതിനെതിരെയൊന്നും താരം ആ സമയം പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ വിരുപക്ഷ എന്ന തൻറെ തെലുങ്ക് ചിത്രത്തിൻറെ പ്രസ് മീറ്റിനായി എത്തിയപ്പോൾ ഒരു റിപ്പോർട്ടറുടെ ചോദ്യത്തിന് സംയുക്ത മറുപടി നൽകിയിരിക്കുകയാണ്. നാട്ടിലെ വിവാദങ്ങളെ എങ്ങനെ നോക്കിക്കാണുന്നു എന്ന് ചോദിച്ചപ്പോഴാണ് താരം ഇക്കാര്യങ്ങൾക്കുള്ള മറുപടി വ്യക്തമാക്കിയത്. 2019ൽ കമ്മിറ്റ് ചെയ്ത ചിത്രമാണ് ബൂമാറാങ് എന്നത് , എന്നാൽ കോവിഡ് കാരണം ചിത്രത്തിൻറെ ഷൂട്ടിംഗ് ഏറെ വൈകിപ്പോവുകയായിരുന്നു. അതേസമയം തന്നെയാണ് തൻറെ മറ്റൊരു മലയാള ചിത്രമായ കടുവയുടെയും തെലുങ്ക് ചിത്രം ഭീംല നായകിന്റെയും ഇപ്പോൾ പുറത്തിറങ്ങി വിരുപക്ഷയുടെയും ഷൂട്ടിംഗ് നടന്നിരുന്നത്. ഒരിക്കൽ ബൂമറാങ്ങിന്റെ ഡേറ്റ് നീട്ടിയ സമയത്ത് വിരുപക്ഷയിലെ ഒരു ഷെഡ്യൂൾ ക്യാൻസൽ ചെയ്യുകയും അതിൻറെ പേരിൽ നിർമാതാവിന് വലിയൊരു നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.

ഒന്നുകിൽ ബൂമാറാങ്ങിന്റെ പ്രസ് മീറ്റ് അറ്റൻഡ് ചെയ്യുക അല്ലെങ്കിൽ ഷെഡ്യൂൾ ക്യാൻസൽ ചെയ്യാതെ വിരുപക്ഷയുടെ ഷൂട്ടിങ്ങിന് എത്തുക എന്നതായിരുന്നു തന്റെ മുന്നിൽ ഉണ്ടായിരുന്ന രണ്ടു വഴികൾ എന്നും ഒരിക്കൽ ഷെഡ്യൂൾ ക്യാൻസൽ ചെയ്തുകൊണ്ട് തന്നെ വീണ്ടും അങ്ങനെ ചെയ്ത നിർമാതാവിനെ നഷ്ടം വരുത്താൻ തോന്നാത്തത് കൊണ്ട് പ്രസ് മീറ്റ് ഒഴിവാക്കുകയായിരുന്നു എന്നും സംയുക്ത വെളിപ്പെടുത്തി. ഏതെങ്കിലും ഒന്നിന്റെ വിമർശനങ്ങൾ താൻ നേരിടേണ്ടി വരും എന്നാൽ തനിക്ക് ഉറപ്പായിരുന്നു എന്നും സംയുക്ത തുറന്നു പറഞ്ഞു. ഇക്കാര്യങ്ങൾ തുറന്ന് സംസാരിക്കുന്ന സംയുക്തയുടെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ ശ്രദ്ധ നേടുകയാണ്.