സഹോദരിയുടെ വിവാഹത്തില്‍ തകർപ്പൻ ഡാൻസുമായി നടി നീത പിള്ള..!

പാപ്പൻ എന്ന മലയാള ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് നീത പിള്ള. ഇപ്പോള്‍ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകശ്രദ്ധ നേടുന്നത് സഹോദരി മനീഷയുടെ വിവാഹ ചടങ്ങുകള്‍ ആഘോഷമാക്കുന്ന നീത പിള്ളയുടെ വീഡിയോയും ഫോട്ടോകളുമാണ്. താരം തന്നെയാണ് തൻറെ ആരാധകർക്കായി ഈ വീഡിയോയും ഫോട്ടോകളും പങ്കുവെച്ചിരിക്കുന്നത്. അനുജത്തി മനീഷയ്‍ക്കൊപ്പമുള്ള തന്റെ സന്തോഷകരമായ ചില നിമിഷങ്ങളും കൂടാതെ ഇരുവരും തങ്ങളുടെ കൈകളിൽ മെഹന്ദി ഇട്ടു നിൽക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹ ആഘോഷ ചടങ്ങിൽ മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ച് അതിസുന്ദരിയായി എത്തിയ നീതയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

നീത പിള്ള ചലച്ചിത്രരംഗത്തേക്ക് എത്തുന്നത് കാളിദാസ് ജയറാം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പൂമരം എന്ന ചിത്രത്തിലൂടെയാണ്. നീത തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു . റിട്ട. എൻജിനീയർ പി.എൻ. വിജയന്റെയും ഫെഡറൽ ബാങ്ക് മാനേജർ മഞ്ജുള ഡി. നായരുടെയും മകളാണ് തൊടുപുഴ സ്വദേശിയായ നീത. എൻവയൺമെന്റൽ എൻജിനീയറിങ്ങിൽ മാസ്റ്റേഴ്സ് കഴിഞ്ഞ് മെൽബണിൽ ജോലി ചെയ്യുകയാണ് താരത്തിന്റെ അനുജത്തി മനീഷ . മനീഷയുടെ വരൻ ഇഷാൻ തോമസ് ആണ് .

നീത അവസാനമായി വേഷമിട്ടത് ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങിയ പാപ്പൻ എന്ന സിനിമയിലാണ്. ഈ ചിത്രത്തിൽ വിന്‍സി അബ്രഹാം എന്ന ഐപിഎസ് ഉദ്യോഗസ്ഥ ആയാണ് നീത അഭിനയിച്ചത്. സുരേഷ് ഗോപിയുടെ മകളായി ഈ ചിത്രത്തിൽ തുടങ്ങിയ നീത എന്ന താരത്തെ മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. 2018 ൽ പുറത്തിറങ്ങിയ നീതയുടെ കുങ്ഫൂമാസ്റ്റർ എന്ന സിനിമയ്ക്കു വേണ്ടി താരം ഒരു വർഷത്തോളം മാർഷ്യൽ ആർട്സ് പരിശീലനം നേടിയിരുന്നു. ഈ ചിത്രത്തിൽ വിസ്മയകരമായ പ്രകടനം തന്നെ ആയിരുന്നു നീത കാഴ്ച്ചവെച്ചത്.

അമേരിക്കയിൽ പോസ്റ്റ് ഗ്രാജ്വേഷൻ ചെയ്യുന്ന സമയത്ത് 2015 ൽ ഹൂസ്റ്റണിൽ നടന്ന മിസ് ബോളിവുഡ് ബ്യൂട്ടി പേജന്റിൽ സെക്കൻഡ് റണ്ണർ അപ്പ് ആയത് നീത പിള്ള ആയിരുന്നു. പൂമരം , ദി കുങ്ഫു മാസ്റ്റർ, നാലാം തൂൺ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു എങ്കിലും നീതയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയത് പാപ്പനിലെ പോലീസ് വേഷം തന്നെയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ മറ്റു നായികമാരെ പോലെ തന്നെ സജീവമായ നീത തൻ്റെ വ്യത്യസ്ത മേക്കോവറിലുള്ള പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകർക്കായി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കാറുണ്ട്.