മുണ്ടുടുത്ത് സുഹൃത്തിനൊപ്പം തകർപ്പൻ ഡാൻസുമായി കീർത്തി സുരേഷ്..

പഴയകാല നടി മേനകയുടേയും ചലച്ചിത്ര നിർമ്മാതാവും നടനുമായ സുരേഷ് കുമാറിന്റേയും മകളാണ് നടി കീർത്തി സുരേഷ് . ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്നു വന്ന താരം ഇന്ന് തെന്നിന്ത്യയിലെ മുൻ നിര നായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ്. പൈലറ്റ്, അച്ഛനെയാണെനിക്കിഷ്ടം, കുബേരൻ തുടങ്ങി ചിത്രങ്ങളിൽ ബാലതാരമായി കീർത്തി അഭിനയിച്ചു. പിന്നീട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച താരം അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത് പത്ത വർഷങ്ങൾക്ക് ശേഷമാണ്. പ്രിയദർശൻ സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. തൊട്ടടുത്ത വർഷം തന്നെ റിംഗ് മാസ്റ്റർ എന്ന ദിലീപ് ചിത്രത്തിലും നായികയായി അഭിനയിച്ചു.

പിന്നീട് തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങളിൽ കീർത്തി വേഷമിട്ടു. റിംഗ് മാസ്റ്ററിന് ശേഷം മലയാളത്തിലേക്ക് താരം തിരിച്ചെത്തിയത് കഴിഞ്ഞ വർഷമാണ് . പ്രിയദർശൻ അണിയിച്ചൊരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ ആയിരുന്നു തിരിച്ചു വരവ്. പിന്നീട് ടൊവിനോയുടെ നായികയായി വാശി എന്ന ചിത്രത്തിലും അഭിനയിച്ചു. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള നാഷ്ണൽ അവാർഡ് കീർത്തി കരസ്ഥമാക്കി. മാമന്നൻ , സൈറൺ എന്നീ തമിഴ് ചിത്രങ്ങളും ദസര, ഭോല ശങ്കർ തുടങ്ങി തെലുങ്ക് ചിത്രങ്ങളുമാണ് കീർത്തിയുടേതായി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നവ.

ഇപ്പോഴിതാ കീർത്തി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയൊരു ഡാൻസ് വീഡിയോ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. കീർത്തിയും നാനിയും ഒന്നിക്കുന്ന ദസര എന്ന തെലുങ്ക് ചിത്രത്തിലെ ഗാനത്തിനാണ് കീർത്തി ചുവടു വച്ചിരിക്കുന്നത്. താരത്തോടൊപ്പം സുഹൃത്ത് അക്ഷിത സുബ്രഹ്മണ്യനും ചുവടുവയ്ക്കുന്നുണ്ട്. ദസരയിലെ ധൂം ധാം ദോസ്താൻ എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവച്ചിരിക്കുന്നത്. കസർല ശ്യം വരികൾ രചിച്ച ഈ ഗാനത്തിന് ഈണം നൽകിയത് സന്തോഷ് നാരായണ ആണ്. ഈ ഗാനം ആലപിച്ചിരിക്കുന്നത് രാഹുൽ സിപ്ലിഗഞ്ച്, ഗോട്ടേ കനക്കവ്വ, ഗന്നോറ ദാസ ലക്ഷ്മി, പല മുരു ജാൻഗിറെഡ്ഡി, നർസന്ന, കസർല ശ്യാം എന്നിവർ ചേർന്നാണ്.
ഷർട്ടും കള്ളിമുണ്ടും ധരിച്ചാണ് ഇരുവരും ഡാൻസിനായി എത്തിയത്. നിരവധി ആരാധകരാണ് ഇവരുടെ വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്.

© 2024 M4 MEDIA Plus