ഇന്ത്യൻ 2 സിനിമക്ക് വേണ്ടി കളരിപ്പയറ്റ് അഭ്യസിച്ച് കാജൽ അഗർവാൾ..!

തെന്നിന്ത്യയിലെ അറിയപ്പെടുന്ന താര സുന്ദരിയാണ് നടി കാജൽ അഗർവാൾ . താരം തന്റെ കരിയർ ആരംഭിച്ചത് ബോളിവുഡ് ചിത്രത്തിലൂടെ ആയിരുന്നു എങ്കിലും പിന്നീട് തെന്നിന്ത്യയിൽ ശോഭിക്കുകയായിരുന്നു . കാജൽ സിനിമയിലേക്ക് എത്തുന്നത് ക്യുൻ! ഹോ ഗയ നാ.. എന്ന ഹിന്ദി സിനിമയിലൂടെ ആണ് . ആ ചിത്രത്തിൽ നടി ഐശ്വര്യയുടെ റായിയുടെ സഹോദരി വേഷമാണ് കാജൽ ചെയ്തത്. ഒരു ചെറിയ വേഷമാണ് കാജലിന് ആ ചിത്രത്തിൽ ലഭിച്ചത്. അ ചിത്രത്തിന് ശേഷം മൂന്ന് വർഷങ്ങൾ കഴിഞ്ഞാണ് കാജൽ വീണ്ടും സിനിമയിൽ അഭിനയിക്കുന്നത്.

പിന്നീട് താരം പ്രതൃക്ഷപ്പെട്ടത് തെന്നിന്ത്യൻ ചിത്രങ്ങളിൽ ആയിരുന്നു. 2007-ൽ പുറത്തിറങ്ങിയ ലക്ഷ്മി കല്യാണം എന്ന തെലുങ്ക് ചിത്രത്തിൽ നായികയായി വേഷമിട്ട് അഭിനയരംഗത്തേക്ക് ഒരിക്കൽ കൂടി എത്തിയ കാജലിന് പിന്നീട് തന്റെ കരിയറിൽ തിരഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഈ ചിത്രത്തിന് ശേഷം ഒന്നിന് പിറകെ ഒന്നായി കാജലിന് തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അവസരങ്ങൾ ലഭിച്ചു. തെലുങ്കിൽ രാജമൗലി ഒരുക്കിയ മഗധീര എന്ന ചിത്രത്തിലെ മിത്രവിന്ദ ദേവി എന്ന കഥാപാത്രമായ വേഷമിട്ടതോടെ താരത്തിന് നിരവധി ആരാധകരെ ലഭിച്ചു. ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് ഇറങ്ങിയതോടെ കേരളത്തിലും കാജലിന് നിരവധി ആരാധകർ ഉണ്ടായി.

അഭിനയത്തിൽ ഓരോ ചുവടും മുന്നോട്ട് വച്ച് കയറി വന്ന താരം തമിഴിലും തെലുങ്കിലും നിറ സാന്നിധ്യമായി. ഇടയ്ക്ക് ഹിന്ദി സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടു. തെന്നിന്ത്യയിലെ താരറാണി എന്ന ലേബലിലേക്ക് നടി കാജൽ തന്റെ കഠിന പ്രയത്നം കൊണ്ട് എത്തിപ്പെടുകയും ചെയ്തു. ഇന്നും സിനിമയിൽ സജീവമായി തുടരുന്ന കാജലിന് മുപ്പത്തിയേഴ് വയസുണ്ട്. കാജൽ വിവാഹിതയായത് 2020-ലാണ്. ഒരു ആൺകുഞ്ഞിന് ഈ വർഷം ഏപ്രിൽ മാസത്തിൽ താരം ജന്മം നൽകുകയും ചെയ്തിരുന്നു.

കാജലിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം ദുൽഖറിനൊപ്പമുള്ള ഹേയ് സിനാമികയാണ് . ഈ കഴിഞ്ഞ ദിവസം കാജൽ കളരിപ്പയറ്റ് അഭ്യസിക്കുന്നതിന്റെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പിൽ താൻ മൂന്ന് വർഷത്തോളമായി കളരി അഭ്യസിക്കുന്നുണ്ട് എന്നും കാജൽ കുറിച്ചിരുന്നു. കാജൽ ഇന്ത്യൻ 2 എന്ന സിനിമയിൽ വേഷമിടുന്നുണ്ട്. ഈ തയാറെടുപ്പുകൾ ആ സിനിമയ്ക്ക് വേണ്ടിയാണോ എന്നും തോന്നുന്നു.