ആരാധകർ കാത്തിരുന്ന ഭീഷ്മ പാർവ്വത്തിലെ മനോഹര പ്രണയഗാനം കാണാം .

അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിൽ ഉടലെടുത്ത ഭീഷ്മ പർവ്വം എന്ന ചിത്രം ഇരുകയ്യും നീട്ടിയാണ് ഓരോ പ്രേക്ഷകനും സ്വീകരിച്ചത്. വൻ വിജയം നേടിയ ഈ ചിത്രം മമ്മൂക്കയുടെ കരിയറിലെ മറ്റൊരു പൊൻതൂവൽ കൂടിയാണ്. സംവിധായകൻ അമൽ നീരദും നവാഗതനായ ദേവദത് ഷാജി കൂടി ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം നിർമ്മിച്ചതും സംവിധായകൻ തന്നെയാണ്. ഈ ചിത്രത്തിന്റെ വിജയത്തിൽ ഇതിലെ സൂപ്പർ ഹിറ്റായ ഗാനങ്ങളും നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. ചിത്രത്തിലെ രതിപുഷ്പം, ആകാശം പോലെ, പറുദീസാ, എന്നീ ഗാനങ്ങൾ പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിച്ചു. ഇതിലെ തീം സോങ്ങിന്റെ ലിറിക്കൽ വീഡിയോയും പറുദീസ, രതിപുഷ്പം എന്നീ ഗാനങ്ങളുടെ വീഡിയോയും പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. ഇപ്പോഴിതാ ഏവരും ആകാംഷയോടെ കാത്തിരുന്ന, റൊമാന്റിക് ഗാനമായ ആകാശം പോലെ എന്നതിന്റെ വീഡിയോ കൂടി ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്.

റഫീഖ് അഹമ്മദ് ആണ് മനോഹരമായ ഈ മെലഡിക്ക് വരികൾ രചിച്ചിരിക്കുന്നത് . ഹംസിക അയ്യർ, കപിൽ കപിലൻ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് സുഷിൻ ശ്യാം ആണ്. ഈ ഗാനത്തിലൂടെ എടുത്തു കാണിക്കുന്നത് ശ്രീനാഥ് ഭാസി, അനഘ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ അതി തീവ്ര പ്രണയമാണ് .

ഒരു മാസ്സ് എന്റെർറ്റൈനെർ ആയി ഒരുക്കിയ ഈ ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആനന്ദ് സി ചന്ദ്രനാണ്. എഡിറ്റർ വിവേക് ഹർഷനാണ്. ഈ ചിത്രത്തിൽ മൈക്കൽ എന്ന കഥാപാത്രമായി മമ്മൂട്ടിയും അമി എന്ന കഥാപാത്രമായി ശ്രീനാഥ് ഭാസിയും റേച്ചൽ ആയി നടി അനഘയും എത്തി.