കഠിനമായ വർക്കൗട്ട് ചെയ്ത് നടി നൈല ഉഷ..! വീഡിയോ പങ്കുവച്ച് താരം..

പ്രായത്തെ വെല്ലുന്ന സൗന്ദര്യവുമായി മലയാള സിനിമയിൽ ശോഭിച്ചു നിൽക്കുന്ന താരമാണ് നടി നൈല ഉഷ . പുണ്യാളൻ അഗർബത്തീസ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ഈ താര സുന്ദരി ആദ്യം വേഷമിട്ടത് മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഉള്ള കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലാണ്. ഏറെ വൈകി അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നൈല എങ്കിലും വളരെ വേഗമാണ് താരം സിനിമയിൽ ശ്രദ്ധ നേടിയത്.

2013 മുതൽക്കാണ് നൈല ഉഷ മലയാളം സിനിമയുടെ ഭാഗമായത്. ഇതിനു മുൻപ് ദുബായിലെ ഹിറ്റ് 96.7 ൽ ആർ ജെ ആയി ജോലി ചെയ്യുകയായിരുന്നു താരം. സിനിമയിൽ ശോഭിച്ചിട്ടും താരം തന്റെ ജോലി ഉപേക്ഷിച്ചിരുന്നില്ല. സിനിമ ആവശ്യങ്ങൾക്ക് നാട്ടിലെത്തുന്ന താരം അത് കഴിഞ്ഞാൽ ദുബായിലെ തൻറെ ജോലിയുമായി മുന്നേറുന്നു.

ഫയർമാൻ, പത്തേമാരി , പ്രേതം, ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സ് , ലൂസിഫർ, പൊറിഞ്ചു മറിയം ജോസ് , പ്രിയൻ ഓട്ടത്തിലാണ് , പാപ്പൻ തുടങ്ങി മലയാളം സിനിമകളിൽ അഭിനയിച്ചു. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിൽ നൈല അവതരിപ്പിച്ച മറിയം എന്ന കഥാപാത്രം ഏറെ പ്രശംസ നേടി. ദുൽഖർ സൽമാൻ നായകനായ കിംഗ് ഓഫ് കൊത്ത , ആൻറണി എന്നീ ചിത്രങ്ങളാണ് നൈലയുടെ പുതിയ പ്രോജക്ടുകൾ .

സോഷ്യൽ മീഡിയയിലെ ഒരു നിറസാന്നിധ്യമായ നൈല തന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. പലപ്പോഴും താരത്തിന്റെ പ്രായത്തെ വെല്ലുന്ന ലുക്ക് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായി മാറാറുണ്ട്. ഇപ്പോഴാണ് ആരാധകർക്ക് അതിൻറെ രഹസ്യം പിടികിട്ടിയത്. കഠിനമായ വർക്ക് ഔട്ട് ചെയ്യുന്ന നൈലയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇതുതന്നെയായിരിക്കും താരത്തിന്റെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യവും .